സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും ഏഷ്യയിലേക്ക്. 2022-ലെ ലോകകപ്പിന്റെ ആതിഥേയാജ്യമായി ഗള്‍ഫ് രാജ്യമായ ഖത്തറിനെ ഫിഫ തിരഞ്ഞെടുത്തു. 2018-ലെ ലോകകപ്പ് റഷ്യയില്‍ നടക്കും. റഷ്യയോ അല്ലെങ്കില്‍ ഇംഗ്ലണ്ടോ ആയിരിക്കും 2018 ലോകകപ്പു നടത്തുകയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍, മത്സരരംഗത്തുണ്ടായിരുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ പിന്നിലാക്കി, കേവലം 17 ലക്ഷം മാത്രം ജനസംഖ്യയുള്ള ഖത്തര്‍ അവകാശം സ്ഥാപിച്ചത് അപ്രതീക്ഷിതമായിട്ടാണ്. വ്യാഴാഴ്ച ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി യോഗത്തില്‍ രഹസ്യബാലറ്റിലൂടെയാണ് ആതിഥേയരാജ്യങ്ങളെ നിര്‍ണയിച്ചത്. ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 22 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആദ്യറൗണ്ടില്‍ ഒമ്പതു വോട്ട് ലഭിച്ച റഷ്യ രണ്ടാം റൗണ്ടില്‍ 13 വോട്ട് നേടി ഭൂരിപക്ഷം കരസ്ഥമാക്കി. 2022-ലെ വേദി നിര്‍ണയതിരഞ്ഞെടുപ്പില്‍ നാലാം റൗണ്ടിലാണ് ഖത്തറിന് ഭൂരിപക്ഷം ലഭിച്ചത്. ഖത്തര്‍ 14 വോട്ട് നേടി. റഷ്യയും ഖത്തറും ഇതാദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഇംഗ്ലണ്ടിനെയും സ്‌പെയിന്‍-പോര്‍ച്ചുഗല്‍, ഹോളണ്ട്-ബെല്‍ജിയം സഖ്യങ്ങളെയും മറികടന്നാണ് നടാടെ ലോകകപ്പിന് ആതിഥ്യമരുളാന്‍ റഷ്യ അവകാശം നേടിയെടുത്തത്. അമേരിക്കയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളായ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരും ഉന്നയിച്ച വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഖത്തറിന്റെ കുതിപ്പ്.
ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 24 അംഗങ്ങളാണുള്ളതെങ്കിലും വോട്ടുവില്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നിര്‍വാഹക സമിതിയിലെ രണ്ടംഗങ്ങളെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു.
പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഖത്തര്‍ ആതിഥേയ അവകാശം സ്ഥാപിച്ചെടുത്തത്. ഖത്തറിലെ കൊടുംചൂട് മറ്റു രാജ്യങ്ങളുടെ മുഖ്യ എതിര്‍പ്പിന് കാരണമായിരുന്നു. വേദി പരിശോധനാ വേളയില്‍ ഖത്തറിന് എതിരായി വന്ന മുഖ്യ ഘടകവും ഇതായിരുന്നു. 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പിച്ച് പരിശോധനാ കമ്മറ്റി ചൂണ്ടിക്കാട്ടി. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ഒരുരാജ്യം ലോകകപ്പ് നടത്താന്‍ ലോകകപ്പു നടത്താന്‍ പ്രാപ്തരാവില്ലെന്ന മുന്‍വിധിയും നിലനിന്നിരുന്നു. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് ലോകകപ്പിന് ആതിഥ്യമരുളുന്ന ആദ്യ അറബ്-മുസ്ലീം രാജ്യമായി ഖത്തര്‍ മാറുന്നത്.












0 Comments:
Post a Comment