Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

രാമന്തളി 17 ശുഹദാ മഖാമില്‍ ദിക്റ് സ്വലാത്തും കൂട്ടു പ്രാര്‍ത്ഥനയും.


രാമന്തളി : രാമന്തളി മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ മാസം തോറും 17 ശുഹദാ മഖാമില്‍ വെച്ച് നടത്താറുള്ള ദിക്റ് സലാത്തും കൂട്ടു പ്രാര്‍ത്ഥ്നയും 2010 ഡിസംബര്‍ 26 ഞായറാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടത്തുന്നു. കൂട്ടി പ്രാര്‍ത്ഥനയ്ക്കും സ്വലാത്തിനും മുഹമ്മദ് അബ്ദുള്‍ ബാരി ഫൈസി തളിപ്പറമ്പ് നേതൃത്വം നല്‍കുന്നു


ഇസ്ലാമിക്‌ സെന്‍റര്‍ ജലീല്‍ രാമന്തളിയെ അനുമോദിച്ചു


അബുദാബി : യു.എ.ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി എഴുതിയ  ജലീല്‍ രാമന്തളിയെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അനുമോദിച്ചു.  സെന്‍റര്‍  സംഘടിപ്പിച്ച യു.എ.ഇ. യുടെ ദേശീയദിന ആഘോഷ പരിപാടികള്‍ക്കിടെ ആയിരുന്നു അനുമോദന ചടങ്ങ്.   ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയില്‍ വെച്ച് ജലീല്‍ രാമന്തളിക്ക്  സെന്‍ററിന്‍റെ പുരസ്‌കാരം അഹമദ് ശബീബ് അല്‍ ദാഹിരി സമ്മാനിച്ചു.     
         പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാരനുമാണ് ജലീല്‍ രാമന്തളി. തദവസരത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ അഹമദ് ഖല്‍ഫാന്‍ അല്‍ കഅബി, അബുദാബി എന്‍വയോണ്‍മെന്‍റ് ഏജന്‍സി അസോസിയേറ്റ് ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് മുബാറക് അല്‍ മുര്‍റി, ഡോ. അബ്ദുല്‍ കരീം ഖലീല്‍, എം.എ. യൂസഫ് അലി ( എം.ഡി., എം.കെ.ഗ്രൂപ്പ്) , സുരേന്ദ്രനാഥ് (ട്രഷറര്‍. ഐ. എസ്.സി.), കെ.ബി.മുരളി (പ്രസിഡന്‍റ്. കെ. എസ്. സി.), യേശുശീലന്‍ (ജന.സെക്രട്ടറി.മലയാളീ സമാജം),  ജോനിയാ മാത്യു (പ്രസിഡന്‍റ്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ സംസാരിച്ചു. സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതവും സെക്രട്ടറി മായിന്‍കുട്ടി  നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ അരങ്ങേറി.


ഏഴിമല നാവിക അക്കാദമിയില്‍ പാസ്സിങ് ഔട്ട് പരേഡ് നടന്നു


ഏഴിമല : ഏഴിമല നാവിക അക്കാദമിയില്‍ തിങ്കളാഴ്ച രാവിലെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. പരേഡില്‍ 222 കാഡറ്റുകള്‍ അണിനിരന്നു. ദക്ഷിണ മേഖലാ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. അദ്ദേഹം മെഡലുകളും ബഹുമതികളും വിതരണം ചെയ്തു. നാവികസേന ഉദ്യോഗസ്ഥരും ഉന്നതാധികാരികളും കാഡറ്റുകളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന പ്രൗഢമായ സദസ്സ് പരേഡിന് അഭിമാനപൂര്‍വ്വം സാക്ഷികളായി. പരേഡിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ കാഡറ്റുകള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി. കാഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും നേവി ബാന്റും ചുവടുവച്ചു. പാസ്സിങ് ഔട്ട് പരേഡിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി കാഡറ്റുകളുടെ ബന്ധുക്കള്‍ നേരത്തെതന്നെ ഏഴിമല നാവിക അക്കാദമിയില്‍ എത്തിയിരുന്നു. 57 കോസ്റ്റ് ഗാര്‍ഡുകളും 30 വനിതാ കാഡറ്റുകളും തിങ്കളാഴ്ച നടന്ന പരേഡില്‍ അണിനിരന്നു.


രാമന്തളി പ്രദേശത്തെപ്പറ്റി അല്‍പം


രാമന്തളി വില്ലേജിലെ സ്ഥല വിസ്തൃതിയില്‍ മൂന്നിലൊന്ന് പ്രദേശവും എഴിമലയാണ്. ഇത്രയും സ്ഥലം മരങ്ങളും കാടുകളും നിറഞ്ഞ മലനിരകളും കുന്നുകളുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം നാവിക അക്കാദമി സ്ഥാപിക്കുന്നത് വരെയും സ്ഥിതി ഇതു തന്നെയായിരുന്നു. പദ്ധതി പ്രദേശത്ത് ഇപ്പോഴും വളരെ ഉയരമുള്ള കൊടുമുടിയും മലമടക്കുകളും നിലനില്‍ക്കുന്നു. അക്കാദമിക്കാവശ്യമായ കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ മാത്രം കാടുകള്‍ നീക്കിയും ചെറിയ കുന്നുകള്‍ ഇടിച്ചു നിരത്തിയും വന്‍ കുഴികള്‍ മണ്ണിട്ട്‌ നികത്തി ഉയര്‍ത്തിയും നിരപ്പാക്കിയിട്ടുന്ടെന്നതൊഴിച്ചാല്‍ ഏഴിമല പൂര്‍വ്വ സ്ഥിതിയില്‍ തന്നെ കിടക്കുന്നു. കൊടുമുടിയോ മലനിരകളോ ഇനിയും ഇടിച്ചു നിരത്തി രൂപഭേദം വരുത്തുവാന്‍ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്.
        വന്യജീവികളും അപൂര്‍വ്വയിനം പക്ഷികളും ജന്തുക്കളും വിഹരിക്കുന്ന പ്രദേശമാണ് ഏഴിമലയെന്ന് ഇവിടം സന്ദര്‍ശിച്ച പ്രശസ്തരായ സഞ്ചാരികളും ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്. എഴിമലയില്‍ കേന്ദ്രീകരിച്ച പുരാതനകാലത്തെ ഭരണചരിത്രം രാമന്തളിയുടെതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എഴിമലയും രാമന്തളിയും ഒരു പ്രദേശമാണെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പില്‍ക്കാല ചരിത്രകാരന്‍മാര്‍ ശ്രമിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍കാലത്തെ ചരിത്രകാരന്‍മാര്‍ക്കോ,സന്ചാരികള്‍ക്കോ എഴിമലയും രാമന്തളിയും ഒന്നുതന്നെയാണെന്ന് പറയേണ്ട കാര്യം ആവശ്യമില്ലായിരുന്നു. കാരണം ആ കാലത്ത് എഴിമലയെന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.ഡി.ആറാം നൂറ്റാണ്ടില്‍, കേരളത്തില്‍ എത്തിയ ഹസ്രത്ത് മാലിക് ബിന്‍ ദീനാറും സംഘവും സ്ഥാപിച്ച പത്ത്‌ പള്ളികളില്‍ രണ്ടാമത്തെതായി സ്ഥാപിച്ച പള്ളി എഴിമാലയിലാണെന്നാണ് ചരിത്രം. 
        രാമന്തളിയിലെ മുന്‍കാല ജനവാസ കേന്ദ്രങ്ങള്‍ പ്രധാനമായും മലയുടെ വടക്കേ താഴ്വരയാണ്. മലയുടെ തെക്ക് ഭാഗത്ത് ഇടുങ്ങിയ താഴ്വരയും കടല്‍തീരവുമായ എട്ടിക്കുളത്താണ് പഴയകാലത്തെ മറ്റൊരു ജനവാസകേന്ദ്രം. രാമന്തളിയുടെ വടക്കേ അതിരിലുള്ള ഇന്നത്തെ വടക്കുമ്പാട് പ്രദേശത്തും, എട്ടിക്കുളത്തുമാണ് മുസ്ലിംകള്‍ മുന്‍കാലത്തെ പോലെ ഇപ്പോഴും കൂടുതലായും അധിവസിക്കുന്നത്. കുന്നരു അംശത്തില്‍ പെടുന്ന പാലക്കോടും മുസ്ലിംകള്‍ ഏറെ കാലം മുമ്പേ അധിവാസം ആരംഭിച്ചിരുന്നു.  


നാവിക അക്കാദമിക്കു വേണ്ടി ഏറന്‍ പുഴ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു


രാമന്തളി : ഏഴിമല നാവിക അക്കാദമിക്കു വേണ്ടി ഏറന്‍ പുഴ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ഡ്രഡ്ജിങ്ങ് മൂലമുണ്ടാകുന്ന ഉപ്പുവെള്ളം കുടിവെള്ളത്തില്‍ കലരുന്നതും കൃഷി നശിക്കുന്നതും പ്രശ്നമായിരിക്കുകയാണ്. രാമന്തളി കോട്ടം കടവിലേക്ക് പോകാനുള്ള റോഡരികില്‍ രാമന്തളി പഞ്ചായത്ത് നിര്‍മിച്ച തോട് ഇല്ലാതായി. മത്സ്യ തൊഴിലാളികളുടെ ജീവിത മാര്‍ഗവും തടസ്സപെടുകയാണ്. ഡ്രഡ്ജിങ്ങ് മൂലമുണ്ടാകുന്ന ഉപ്പുവെള്ളവും മണലും പരിസരവാസികള്‍ക്കും കൃഷിക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാടുകാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധിരോധ വകുപ്പിനും നാവിക അക്കാദമി അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. വിഷയം കളക്ടറെ ബോധ്യപ്പെടുത്തിയെങ്കിലും കുടിവെള്ളം സംരക്ഷിക്കാനോ കുടിവെള്ള വിതരണത്തിനു സൗകര്യമൊരുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.


ഏഴിമല നാവിക അക്കാദമി പൊതു ജനങ്ങള്‍ക്കു തുറന്നു കൊടുത്തു


നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി ഏഴിമല നാവിക അക്കാദമി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തുറന്നു കൊടുത്തപ്പോള്‍..






ഏഴിമല നാവിക അക്കാദമി 2013ല്‍ പൂര്‍ണമാകും


ഏഴിമല (രാമന്തളി): രണ്ട് വര്‍ഷത്തിനകം ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് കമാന്‍ഡന്‍റ് വൈസ് അഡ്മിറല്‍ അനുരാഗ് ജി. തപ്ലിയാല്‍ പറഞ്ഞു.
നാവിക വാരാഘോഷത്തിന്റെ ഭാഗമായി ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ നാലിന് 'നേവി ഡേ' അക്കാദമിയില്‍ വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആറിന് പാസിങ് ഔട്ട് പരേഡും നടക്കും. ഇപ്പോള്‍ 31 വനിതകളടക്കം 498 കാഡറ്റുകളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. 2013ഓടെ ഇത് 1200 ആവും. ഇവരില്‍ 50 വിദേശ കാഡറ്റുകളും ഉള്‍പ്പെടും. അപ്പോഴേക്കും അക്കാദമി ഒരു ടൗണ്‍ഷിപ്പായി രൂപപ്പെടും. ആറായിരം പേര്‍ ഇവിടെ ഉണ്ടാവും -അദ്ദേഹം പറഞ്ഞു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച നാവിക അക്കാദമിയാണ് ഇപ്പോള്‍ ഏഴിമല. ലോകോത്തര നിലവാരത്തിലേക്കാണ് ഏഴിമലയുടെ വളര്‍ച്ച. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ചെയ്ത ബി.ടെക് കോഴ്‌സും കാഡറ്റുകള്‍ക്കായി ഇവിടെ നടത്തുന്നുണ്ട്.

നാട്ടുകാരുമായി നല്ല സൗഹൃദം പുലര്‍ത്താനാണ് അക്കാദമി ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. എന്നാല്‍ അക്കാദമിയുടെ പേരില്‍ ഉയരുന്ന ആരോപണങ്ങളുമായി നാവിക അക്കാദമിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കവ്വായി കായലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മണലെടുപ്പുമായി അക്കാദമിക്ക് ബന്ധമില്ല. എങ്കിലും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ അവിടെനിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പ്രതിരോധ മന്ത്രാലയം കേരള സര്‍ക്കാരിനെ ഏല്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോഴുള്ള കണക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇപ്പോള്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അതിന് അക്കാദമിക്ക് ഉത്തരവാദിത്തമില്ല. ഭൂമി നഷ്ടമായവര്‍ക്ക് അക്കാദമിയില്‍ തൊഴില്‍ നല്‍കുമെന്ന കരാര്‍ രേഖകളില്‍ എവിടെയുമില്ല. അങ്ങനെയൊരു രേഖ ആരെങ്കിലും കൊണ്ടുവന്നാല്‍ അക്കാര്യവും ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു.
ഡെപ്യൂട്ടി കമാന്‍ഡന്‍റ് അഡ്മിറല്‍ കപില്‍ ഗുപ്ത, നാവല്‍ അക്കാദമി പ്രിന്‍സിപ്പല്‍ അഡ്മിറല്‍ ഭക്തവത്സല, ഐ.എന്‍.എസ്. സാമൂതിരി കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ രാജീവ് ചൗധരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


 

RAMANTHALI VADAKKUMBAD Copyright © 2010