Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

സെര്‍ച്ച്ഫലങ്ങളില്‍ മായം ചേര്‍ക്കുന്നതായി ആരോപണം; ഗൂഗിളിനെതിരെ അന്വേഷണം




സെര്‍ച്ച് ബിസിനസിലെ രാജാവാണ് ഗൂഗിള്‍. തങ്ങളുടെ മേധാവിത്വം പക്ഷേ, ഗൂഗിള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ. തങ്ങളോട് മത്സരിക്കുന്ന ചില സൈറ്റുകളെ സെര്‍ച്ച് ഫലങ്ങളില്‍ നിന്നൊഴിവാക്കി ഗൂഗിള്‍ ശിക്ഷിക്കുന്നുണ്ടോ. ഇക്കാര്യം യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷിക്കുകയാണ്.
എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഗൂഗിള്‍, അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. വിലകള്‍ താരതമ്യം ചെയ്യുന്ന സൈറ്റായ 'ഫൗണ്ടെം' (Foundem), ലീഗല്‍ സെര്‍ച്ച് എഞ്ചിനായ 'ഇജസ്റ്റിസ് ഡോട്ട് എഫ്ആര്‍' (ejustice.fr) തുടങ്ങിയ കമ്പനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബിസിനസ് രംഗത്ത് തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ചരിത്രം യൂറോപ്യന്‍ കമ്മീഷനുണ്ട്. മൈക്രോസോഫ്ടും ഇന്റലും ഇത്തരം ആരോപണത്തിന്റെ പേരില്‍ വന്‍ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആ ഗതി ഗൂഗിളിനും വരുമോ എന്നാണ് നിയമവിദഗ്ധര്‍ സംശയിക്കുന്നത്.
ഉപചാപങ്ങള്‍ വഴി തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സൈറ്റുകളെ സെര്‍ച്ച് ഫലത്തില്‍ വരുന്നതില്‍ നിന്ന് ഗൂഗിള്‍ തടയുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അധികൃതര്‍ പ്രധാനമായും പരിശോധിക്കുക. പക്ഷേ, ഇക്കാര്യം പരിശോധിക്കുക അത്ര എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഗൂഗിളിന്റെ തുറുപ്പു ശീട്ടായ സെര്‍ച്ച് ആല്‍ഗരിതം (സെര്‍ച്ച് ഫലങ്ങള്‍ നിശ്ചയിക്കുന്ന ഗണിതസമീകരണം) പരിശോധിക്കേണ്ടി വരും ഇതിന്. എങ്കിലേ, സെര്‍ച്ച് ഫലങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടോ എന്നറിയാന്‍ കഴിയൂ.
രണ്ട് തരത്തിലുള്ള സെര്‍ച്ച് ഫലങ്ങളാണ് ഗൂഗിള്‍ നല്‍കാറ്. ഒന്ന് ഗൂഗിളിന്റെ ആല്‍ഗരിതം തിരഞ്ഞെടുക്കുന്ന ഫലങ്ങള്‍. അവ പേജിന്റെ മുഖ്യഭാഗത്ത് കാണപ്പെടും. രണ്ടാമത്തെ വിഭാഗം ഫലങ്ങള്‍ മുമ്പ് 'സ്‌പോണ്‍സേഡ് ലിങ്ക്‌സ്' എന്നറിയപ്പെട്ടിരുന്ന 'ആഡ്‌സ്' ('ads'') ആണ്. അത് കാശു മുടക്കി കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളാണ്.
ഇതില്‍ ആദ്യ വിഭാഗത്തില്‍ പെട്ട സെര്‍ച്ച് ഫലങ്ങളില്‍ വെള്ളംചേര്‍ക്കപ്പെടുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പരിശോധിക്കുക. പ്രത്യേകിച്ചും, സെര്‍ച്ച് സര്‍വീസ് നല്‍കുന്ന മറ്റ് സൈറ്റുകള്‍ ഒഴിവാക്കപ്പെടുന്നുണ്ടോ എന്ന്. സ്വാഭാവിക സെര്‍ച്ച് ഫലങ്ങളില്‍ നിന്ന് ഗൂഗിളിന്റെ ആല്‍ഗരിതം നിയമപരമായി പ്രവര്‍ത്തിക്കുന്ന ചില സൈറ്റുകളെ ഒഴിവാക്കുന്നുവെന്നാണ് ഫൗണ്ടെം ആരോപിക്കുന്നത്. 2010 ഫിബ്രവരിയിലാണ് തങ്ങള്‍ ഗൂഗിളിനെതിരെ പരാതി സമര്‍പ്പിച്ചതെന്ന് കമ്പനി അറിയിച്ചു.
എന്നാല്‍, ഫൗണ്ടെം പോലുള്ള സൈറ്റുകള്‍ ദുര്‍ബലമായി റാങ്ക് ചെയ്യപ്പെടുന്നതിന് തക്കതായ കാരണങ്ങളുണ്ടെന്ന് ഗൂഗിള്‍ വാദിക്കുന്നു. ഉദാഹരണത്തിന്, ഫൗണ്ടെം സൈറ്റിന്റെ ഉള്ളടക്കത്തിലെ 79 ശതമാനവും മറ്റ് സൈറ്റുകളില്‍ നിന്നുള്ള കോപ്പിയാണ്. മറ്റ് സൈറ്റുകളില്‍ നിന്ന് കോപ്പി ചെയ്യപ്പെടുന്ന ഡേറ്റ, ഗൂഗിളിന്റെ ആല്‍ഗരിതം അവഗണിക്കുകയാണ് പതിവ്-കമ്പനി ചൂണ്ടിക്കാട്ടുന്നു.


2018 റഷ്യ, 2022 ഖത്തര്‍: ലോകകപ്പ് വീണ്ടും ഏഷ്യയിലേക്ക്‌


സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും ഏഷ്യയിലേക്ക്. 2022-ലെ ലോകകപ്പിന്റെ ആതിഥേയാജ്യമായി ഗള്‍ഫ് രാജ്യമായ ഖത്തറിനെ ഫിഫ തിരഞ്ഞെടുത്തു. 2018-ലെ ലോകകപ്പ് റഷ്യയില്‍ നടക്കും. റഷ്യയോ അല്ലെങ്കില്‍ ഇംഗ്ലണ്ടോ ആയിരിക്കും 2018 ലോകകപ്പു നടത്തുകയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍, മത്സരരംഗത്തുണ്ടായിരുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ പിന്നിലാക്കി, കേവലം 17 ലക്ഷം മാത്രം ജനസംഖ്യയുള്ള ഖത്തര്‍ അവകാശം സ്ഥാപിച്ചത് അപ്രതീക്ഷിതമായിട്ടാണ്. വ്യാഴാഴ്ച ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി യോഗത്തില്‍ രഹസ്യബാലറ്റിലൂടെയാണ് ആതിഥേയരാജ്യങ്ങളെ നിര്‍ണയിച്ചത്. ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 22 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആദ്യറൗണ്ടില്‍ ഒമ്പതു വോട്ട് ലഭിച്ച റഷ്യ രണ്ടാം റൗണ്ടില്‍ 13 വോട്ട് നേടി ഭൂരിപക്ഷം കരസ്ഥമാക്കി. 2022-ലെ വേദി നിര്‍ണയതിരഞ്ഞെടുപ്പില്‍ നാലാം റൗണ്ടിലാണ് ഖത്തറിന് ഭൂരിപക്ഷം ലഭിച്ചത്. ഖത്തര്‍ 14 വോട്ട് നേടി. റഷ്യയും ഖത്തറും ഇതാദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഇംഗ്ലണ്ടിനെയും സ്‌പെയിന്‍-പോര്‍ച്ചുഗല്‍, ഹോളണ്ട്-ബെല്‍ജിയം സഖ്യങ്ങളെയും മറികടന്നാണ് നടാടെ ലോകകപ്പിന് ആതിഥ്യമരുളാന്‍ റഷ്യ അവകാശം നേടിയെടുത്തത്. അമേരിക്കയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളായ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരും ഉന്നയിച്ച വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഖത്തറിന്റെ കുതിപ്പ്.
ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 24 അംഗങ്ങളാണുള്ളതെങ്കിലും വോട്ടുവില്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നിര്‍വാഹക സമിതിയിലെ രണ്ടംഗങ്ങളെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു.
പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഖത്തര്‍ ആതിഥേയ അവകാശം സ്ഥാപിച്ചെടുത്തത്. ഖത്തറിലെ കൊടുംചൂട് മറ്റു രാജ്യങ്ങളുടെ മുഖ്യ എതിര്‍പ്പിന് കാരണമായിരുന്നു. വേദി പരിശോധനാ വേളയില്‍ ഖത്തറിന് എതിരായി വന്ന മുഖ്യ ഘടകവും ഇതായിരുന്നു. 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പിച്ച് പരിശോധനാ കമ്മറ്റി ചൂണ്ടിക്കാട്ടി. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ഒരുരാജ്യം ലോകകപ്പ് നടത്താന്‍ ലോകകപ്പു നടത്താന്‍ പ്രാപ്തരാവില്ലെന്ന മുന്‍വിധിയും നിലനിന്നിരുന്നു. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് ലോകകപ്പിന് ആതിഥ്യമരുളുന്ന ആദ്യ അറബ്-മുസ്ലീം രാജ്യമായി ഖത്തര്‍ മാറുന്നത്.


അതിശൈത്യം: വടക്കന്‍ യൂറോപ്പില്‍ വിമാനത്താവളങ്ങള്‍ അടച്ചു


ലണ്ടന്‍: അതിശൈത്യത്തെ തുടര്‍ന്ന് വടക്കന്‍ യൂറോപ്പിലെ വിമാനത്താവളങ്ങള്‍ അടച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജര്‍മനിയിലും സ്‌പെയിനിലും ശൈത്യം വിമാനസര്‍വീസിനെ ബാധിച്ചു.  ജര്‍മ്മനിയില്‍ -20 ഡിഗ്രി വരെയാണ് തണുപ്പ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ - 23 ഡിഗ്രി വരെ രേഖപ്പെടുത്തി. 1931 ന് ശേഷം രാജ്യത്ത് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
      പോളണ്ടില്‍ താപനില -26 ഡിഗ്രി വരെയെത്തി. പോളണ്ടില്‍ ഭവനരഹിതരായ എട്ട് പേരാണ് ശൈത്യംമൂലം മരിച്ചത്. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. വടക്കന്‍ ഇറ്റലിയിലും ജനജീവിതം താറുമാറായി. അല്‍ബീനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, വിയന്ന, പരാഗ്വെ എന്നിവടങ്ങളിലും വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. അതിശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിച്ചു. വൈദ്യുതി ഉപയോഗവും കൂടിയതോടെ വിലയും വര്‍ധിച്ചു.


മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ സഹോദരി ഇസ്ലാം മതം സ്വീകരിച്ചു


ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറി. ആറാഴ്ച മുന്‍പ് ഇറാന്‍ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് ലോറന്‍ ബൂത്തിനെ മതംമാറാന്‍ പ്രേരിപ്പിച്ചത്. ചെറി ബ്ലെയറുടെ അര്‍ദ്ധ സഹോദരിയാണ് 43കാരിയായ ലോറന്‍ ബൂത്ത്. ബ്രോഡ്കാസ്റ്ററും ജേര്‍ണലിസ്റ്റുമായ ലോറന്‍ ഇപ്പോള്‍ ഹിജാബ് ധരിച്ചാണ് നടക്കുന്നത്. ദിവസവും അഞ്ചു നേരം നിസ്‌കരിക്കുന്ന ലോറന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ അടുത്തുള്ള പള്ളിയില്‍ നിസ്‌കരിക്കാനും പോകുന്നു. ആറാഴ്ച മുന്‍പ് ലോറന്‍ ഇറാനിയിന്‍ പട്ടണമായ ഖൂമില്‍ ഫാത്തിമ അല്‍ മസുമേയുടെ പള്ളി സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് തന്നെ മതംമാറാന്‍ പ്രേരിപ്പിച്ചതെന്ന് ലോറന്‍ പറയുന്നു.
          ഒരു ചൊവ്വാഴ്ചയാണ് ഞാന്‍ ദേവാലയം സന്ദര്‍ശിക്കാന്‍ പോയത്. ആ സന്ദര്‍ശനം പകര്‍ന്ന ആത്മീയ സുഖം വിവരണാതീതമാണ്. തിരിച്ചു വന്ന ഞാന്‍ പന്നിയിറച്ചി ഉപേക്ഷിച്ചു. നിത്യവും ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. 45 ദിവസമായി ഞാന്‍ മദ്യം തൊടുന്നില്ല. എന്‍റെ ഓര്‍മ്മയില്‍ ഇത്രയും  ദീര്‍ഘനാള്‍ മദ്യം ഉപേക്ഷിച്ച അനുഭവം ഇതിനുമുമ്പ്  ഉണ്ടായിട്ടില്ല. എന്നും കുറഞ്ഞത് 2 ഗ്ലാസ് വൈനെങ്കിലും അകത്താക്കിയിരുന്ന എനിക്ക് അതിനോടും താല്പര്യം തോന്നുന്നില്ല. ബുര്‍ഖ ധരിക്കാത്തതെന്തെന്ന ചോദ്യത്തിന്, ആരറിഞ്ഞു നാളെ ഞാന്‍,ബുര്‍ഖ ധരിച്ചു നടന്നാല്‍ എന്ന്‍ അല്‍പ്പം ആധ്യാത്മികത കലര്‍ന്ന മറുപടിയാണ് ലോറനില്‍നിന്നു വന്നത്. ഇറാനില്‍ പോകുന്നതിനു മുമ്പ് ഫലസ്തീനിലും പോയിട്ടുണ്ട് ലോറന്‍. അവിടെയുണ്ടായ അനുഭവങ്ങളും കാഴ്ചകളും തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചുവെന്നും അവര്‍ പറയുന്നു. ഇറാനില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ന്യുസ് ചാനലിന്‍റെ റിപ്പോര്‍ട്ടറായ ലോറന്‍ ബൂത്ത്‌ ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ്.


 

RAMANTHALI VADAKKUMBAD Copyright © 2010