Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

2018 റഷ്യ, 2022 ഖത്തര്‍: ലോകകപ്പ് വീണ്ടും ഏഷ്യയിലേക്ക്‌


സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും ഏഷ്യയിലേക്ക്. 2022-ലെ ലോകകപ്പിന്റെ ആതിഥേയാജ്യമായി ഗള്‍ഫ് രാജ്യമായ ഖത്തറിനെ ഫിഫ തിരഞ്ഞെടുത്തു. 2018-ലെ ലോകകപ്പ് റഷ്യയില്‍ നടക്കും. റഷ്യയോ അല്ലെങ്കില്‍ ഇംഗ്ലണ്ടോ ആയിരിക്കും 2018 ലോകകപ്പു നടത്തുകയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍, മത്സരരംഗത്തുണ്ടായിരുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ പിന്നിലാക്കി, കേവലം 17 ലക്ഷം മാത്രം ജനസംഖ്യയുള്ള ഖത്തര്‍ അവകാശം സ്ഥാപിച്ചത് അപ്രതീക്ഷിതമായിട്ടാണ്. വ്യാഴാഴ്ച ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി യോഗത്തില്‍ രഹസ്യബാലറ്റിലൂടെയാണ് ആതിഥേയരാജ്യങ്ങളെ നിര്‍ണയിച്ചത്. ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 22 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആദ്യറൗണ്ടില്‍ ഒമ്പതു വോട്ട് ലഭിച്ച റഷ്യ രണ്ടാം റൗണ്ടില്‍ 13 വോട്ട് നേടി ഭൂരിപക്ഷം കരസ്ഥമാക്കി. 2022-ലെ വേദി നിര്‍ണയതിരഞ്ഞെടുപ്പില്‍ നാലാം റൗണ്ടിലാണ് ഖത്തറിന് ഭൂരിപക്ഷം ലഭിച്ചത്. ഖത്തര്‍ 14 വോട്ട് നേടി. റഷ്യയും ഖത്തറും ഇതാദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഇംഗ്ലണ്ടിനെയും സ്‌പെയിന്‍-പോര്‍ച്ചുഗല്‍, ഹോളണ്ട്-ബെല്‍ജിയം സഖ്യങ്ങളെയും മറികടന്നാണ് നടാടെ ലോകകപ്പിന് ആതിഥ്യമരുളാന്‍ റഷ്യ അവകാശം നേടിയെടുത്തത്. അമേരിക്കയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളായ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരും ഉന്നയിച്ച വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഖത്തറിന്റെ കുതിപ്പ്.
ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 24 അംഗങ്ങളാണുള്ളതെങ്കിലും വോട്ടുവില്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നിര്‍വാഹക സമിതിയിലെ രണ്ടംഗങ്ങളെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു.
പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഖത്തര്‍ ആതിഥേയ അവകാശം സ്ഥാപിച്ചെടുത്തത്. ഖത്തറിലെ കൊടുംചൂട് മറ്റു രാജ്യങ്ങളുടെ മുഖ്യ എതിര്‍പ്പിന് കാരണമായിരുന്നു. വേദി പരിശോധനാ വേളയില്‍ ഖത്തറിന് എതിരായി വന്ന മുഖ്യ ഘടകവും ഇതായിരുന്നു. 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പിച്ച് പരിശോധനാ കമ്മറ്റി ചൂണ്ടിക്കാട്ടി. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ഒരുരാജ്യം ലോകകപ്പ് നടത്താന്‍ ലോകകപ്പു നടത്താന്‍ പ്രാപ്തരാവില്ലെന്ന മുന്‍വിധിയും നിലനിന്നിരുന്നു. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് ലോകകപ്പിന് ആതിഥ്യമരുളുന്ന ആദ്യ അറബ്-മുസ്ലീം രാജ്യമായി ഖത്തര്‍ മാറുന്നത്.


ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ


 മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.


മൊബൈല്‍ വരിക്കാരുടെ ഉറക്കം കെടുത്തിയാല്‍ വന്‍ പിഴ


ന്യൂഡല്‍ഹി: അനാവശ്യ ഫോണ്‍കോളുകള്‍, വാണിജ്യവാഗ്ദാനങ്ങള്‍, മൊബൈല്‍ സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് വരിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ 'ട്രായ്' പ്രഖ്യാപിച്ചു. 2011 ജനവരി ഒന്നുമുതല്‍ ഇവ പ്രാബല്യത്തില്‍ വരും. വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് രണ്ടരലക്ഷം രൂപവരെ പിഴ ചുമത്തും. അനാവശ്യകോളുകള്‍ വേണ്ടെന്ന് അറിയിക്കാത്ത വരിക്കാര്‍ക്കുപോലും രാത്രി ഒമ്പതുമുതല്‍ രാവിലെ ഒമ്പതുവരെ ഇത്തരം കോളുകളോ സന്ദേശങ്ങളോ അയക്കരുതെന്ന് വ്യവസ്ഥയുണ്ട്. തിരിച്ചറിയാനായി ഇവയ്ക്ക് 70 ല്‍ തുടങ്ങുന്ന നമ്പറുകളാവും നല്‍കുക. അനാവശ്യകോളുകളും സന്ദേശങ്ങളും പൂര്‍ണമായി ഒഴിവാക്കുന്ന സൗകര്യം വിപുലപ്പെടുത്തിയതിനു പുറമെ വരിക്കാര്‍ക്ക് തിരഞ്ഞെടുത്ത സന്ദേശങ്ങള്‍മാത്രം ലഭിക്കാനുള്ള സൗകര്യവും ട്രായ് നല്‍കുന്നുണ്ട്. ബാങ്കിങ്ങ്, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃ സാധനങ്ങള്‍, വാഹനം, വിനോദം, ടൂറിസം എന്നിങ്ങനെയുള്ള വിഷയങ്ങളെ ഏഴു വിഭാഗങ്ങളിലായാണ് പെടുത്തിയത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വ്യവസ്ഥ ആദ്യംലംഘിക്കുന്ന കമ്പനികള്‍ക്ക് 25,000 രൂപ, രണ്ടാംതവണത്തെ ലംഘനത്തിന് 75,000, മൂന്നാം തവണ 80,000 എന്നിങ്ങനെയാണ് പിഴ നല്‍കേണ്ടിവരിക. നാലാം തവണ ഒന്നേകാല്‍ ലക്ഷവും അഞ്ചാംതവണ ഒന്നരലക്ഷവും നല്‍കണം. ആറാം തവണ രണ്ടരലക്ഷമാവും പിഴ. വീണ്ടും ലംഘനം തുടര്‍ന്നാല്‍ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്.


ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ സ്ഥലം ഇന്ത്യക്കാര്‍ക്ക്


ബുര്‍ജ് ഖലീഫ 
ദുബായ്: ഉയരംകൊണ്ട് ലോകത്തിന്റെ വിസ്മയമായ ദുബായിലെ ബുര്‍ജ് ഖലീഫ സമുച്ചയത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലം സ്വന്തമാക്കിയത് ഇന്ത്യക്കാര്‍. 79 ലക്ഷം ഡോളര്‍ (ഏതാണ്ട് 35 കോടി രൂപ) മൂല്യമുള്ള സ്ഥലമാണ് കെട്ടിടത്തില്‍ ഇന്ത്യക്കാര്‍ വാങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസത്തിനകമാണ് ഇന്ത്യക്കാര്‍ അപ്പാര്‍ട്ട്‌മെന്‍റുകള്‍ വാങ്ങിയത്. സമുച്ചയത്തില്‍ ഇടം സ്വന്തമാക്കിയതില്‍ രണ്ടാംസ്ഥാനം യു.എ.ഇ. പൗരന്മാര്‍ക്കുതന്നെ-26.2 ലക്ഷം ഡോളറിനുള്ള സ്ഥലം. ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും ലണ്ടനിലെ വ്യവസായിയുമായ രാജ് കുന്ദ്രയും ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ് വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ഭാര്യയ്ക്ക് സ്‌നേഹസമ്മാനമായി സമര്‍പ്പിക്കാനാണ് നൂറാംനിലയിലെ ഫ്‌ളാറ്റ് രാജ്കുന്ദ്ര സ്വന്തമാക്കിയത്. ദുബായിലെ ന്യൂ മെഡിക്കല്‍ സെന്‍റര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും ഇന്ത്യക്കാരനുമായ ബി.ആര്‍. ഷെട്ടിയും നൂറാം നിലയില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. ഇരുനൂറിലേറെ നിലകളുള്ള കെട്ടിടത്തില്‍ 900 അപ്പാര്‍ട്ട്‌മെന്‍റുകളാണുള്ളത്.


അതിശൈത്യം: വടക്കന്‍ യൂറോപ്പില്‍ വിമാനത്താവളങ്ങള്‍ അടച്ചു


ലണ്ടന്‍: അതിശൈത്യത്തെ തുടര്‍ന്ന് വടക്കന്‍ യൂറോപ്പിലെ വിമാനത്താവളങ്ങള്‍ അടച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജര്‍മനിയിലും സ്‌പെയിനിലും ശൈത്യം വിമാനസര്‍വീസിനെ ബാധിച്ചു.  ജര്‍മ്മനിയില്‍ -20 ഡിഗ്രി വരെയാണ് തണുപ്പ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ - 23 ഡിഗ്രി വരെ രേഖപ്പെടുത്തി. 1931 ന് ശേഷം രാജ്യത്ത് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
      പോളണ്ടില്‍ താപനില -26 ഡിഗ്രി വരെയെത്തി. പോളണ്ടില്‍ ഭവനരഹിതരായ എട്ട് പേരാണ് ശൈത്യംമൂലം മരിച്ചത്. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. വടക്കന്‍ ഇറ്റലിയിലും ജനജീവിതം താറുമാറായി. അല്‍ബീനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, വിയന്ന, പരാഗ്വെ എന്നിവടങ്ങളിലും വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. അതിശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിച്ചു. വൈദ്യുതി ഉപയോഗവും കൂടിയതോടെ വിലയും വര്‍ധിച്ചു.


പ്രവാസികള്‍ക്കു വോട്ടവകാശം : വിജ്ഞാപനം ജനുവരിയില്‍


ന്യൂഡല്‍ഹി : കേരളത്തിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു വോട്ടവകാശം ലഭിച്ചേക്കും. പ്രവാസി വോട്ടവകാശത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ജനുവരിയില്‍ പുറത്തിറക്കുമെന്നും കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയിലി പറഞ്ഞു. കരടു ബില്ലിന്‍ മേല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.  


ശുഹദാക്കളുടെ തറവാടുകള്‍


ധീരോജ്ജ്വലമായ പോരാട്ടത്തിലൂടെ ചരിത്രത്തിന്‍റെ ഭാഗമായി മാറിയ 17 ശുഹദാക്കളുടെ കുടുംബങ്ങള്‍......
1 - കുട്ട്വന്‍ പീടിക,  2 - കൊവ്വപ്പുറം, 3 - മോണങ്ങാട്ട്,  4 - മുണ്ടക്കാല്‍,  5 - പൊന്നിച്ചി  6 - ഉള്ളിവലിയകത്ത്  7 - തളിക്കാരന്‍, 8 - മൌവളപ്പില്‍,  9 - കളത്തിലെ പുര,  10 - തായത്ത്,  11 - കരപ്പാത്ത്,  12 - പറമ്പന്‍ .. എന്നീ ഇപ്പോഴുമുള്ള തറവാടുകളില്‍ ഉള്‍പ്പെടുന്നവരാണ്. പടനായകന്‍ പോക്കര്‍ മൂപ്പരുടെ തറവാട് കുട്ട്വന്‍ പീടികയാണ്. മറ്റു ശുഹദാക്കളുടെ തറവാടുകള്‍ മേല്‍പ്പറഞ്ഞവയില്‍ പെടുന്നു.  കുട്ട്വന്‍ പീടിക ഒന്നാം തറവാടായും കൊവ്വപ്പുറം രണ്ടാം തറവാടായും മോണങ്ങാട്ട് മൂന്നാം തറവാടായും മുണ്ടക്കാല്‍ നാലാം തറവാടായുമാണ് പരമ്പരാഗതമായി അറിയപ്പെട്ടിരുന്നത്. പോക്കര്‍ മൂപ്പരൊഴികെയുള്ള ശുഹദാക്കളില്‍ ആരെല്ലാം ഏതെല്ലാം തറവാടുകളില്‍ ഉള്‍പ്പെട്ടവരാണെന്ന തിരിച്ചറിവ് പില്‍ക്കാലത്ത് ഇല്ലാതായി. ചില തറവാടുകളില്‍ നിന്ന് രണ്ടു പേര്‍ വീതം യുദ്ധത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നുണ്ട്. 


 

RAMANTHALI VADAKKUMBAD Copyright © 2010