Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

ഏഴിമല നാവിക അക്കാദമി 2013ല്‍ പൂര്‍ണമാകും


ഏഴിമല (രാമന്തളി): രണ്ട് വര്‍ഷത്തിനകം ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് കമാന്‍ഡന്‍റ് വൈസ് അഡ്മിറല്‍ അനുരാഗ് ജി. തപ്ലിയാല്‍ പറഞ്ഞു.
നാവിക വാരാഘോഷത്തിന്റെ ഭാഗമായി ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ നാലിന് 'നേവി ഡേ' അക്കാദമിയില്‍ വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആറിന് പാസിങ് ഔട്ട് പരേഡും നടക്കും. ഇപ്പോള്‍ 31 വനിതകളടക്കം 498 കാഡറ്റുകളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. 2013ഓടെ ഇത് 1200 ആവും. ഇവരില്‍ 50 വിദേശ കാഡറ്റുകളും ഉള്‍പ്പെടും. അപ്പോഴേക്കും അക്കാദമി ഒരു ടൗണ്‍ഷിപ്പായി രൂപപ്പെടും. ആറായിരം പേര്‍ ഇവിടെ ഉണ്ടാവും -അദ്ദേഹം പറഞ്ഞു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച നാവിക അക്കാദമിയാണ് ഇപ്പോള്‍ ഏഴിമല. ലോകോത്തര നിലവാരത്തിലേക്കാണ് ഏഴിമലയുടെ വളര്‍ച്ച. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ചെയ്ത ബി.ടെക് കോഴ്‌സും കാഡറ്റുകള്‍ക്കായി ഇവിടെ നടത്തുന്നുണ്ട്.

നാട്ടുകാരുമായി നല്ല സൗഹൃദം പുലര്‍ത്താനാണ് അക്കാദമി ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. എന്നാല്‍ അക്കാദമിയുടെ പേരില്‍ ഉയരുന്ന ആരോപണങ്ങളുമായി നാവിക അക്കാദമിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കവ്വായി കായലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മണലെടുപ്പുമായി അക്കാദമിക്ക് ബന്ധമില്ല. എങ്കിലും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ അവിടെനിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പ്രതിരോധ മന്ത്രാലയം കേരള സര്‍ക്കാരിനെ ഏല്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോഴുള്ള കണക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇപ്പോള്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അതിന് അക്കാദമിക്ക് ഉത്തരവാദിത്തമില്ല. ഭൂമി നഷ്ടമായവര്‍ക്ക് അക്കാദമിയില്‍ തൊഴില്‍ നല്‍കുമെന്ന കരാര്‍ രേഖകളില്‍ എവിടെയുമില്ല. അങ്ങനെയൊരു രേഖ ആരെങ്കിലും കൊണ്ടുവന്നാല്‍ അക്കാര്യവും ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു.
ഡെപ്യൂട്ടി കമാന്‍ഡന്‍റ് അഡ്മിറല്‍ കപില്‍ ഗുപ്ത, നാവല്‍ അക്കാദമി പ്രിന്‍സിപ്പല്‍ അഡ്മിറല്‍ ഭക്തവത്സല, ഐ.എന്‍.എസ്. സാമൂതിരി കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ രാജീവ് ചൗധരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


മമ്മൂട്ടിക്ക് കാലിക്കറ്റ് സര്‍വ്വകലാശാല ഡി-ലിറ്റ് സമ്മാനിച്ചു



തേഞ്ഞിപ്പലം: താരശോഭ നിറഞ്ഞ അന്തരീക്ഷത്തില്‍ മലയാളത്തിന്റെ അഭിമാനങ്ങളായ നടന്‍ മമ്മൂട്ടി, പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍ എന്നിവര്‍ക്കും ചരിത്ര പണ്ഡിതന്‍ ഇര്‍ഫാന്‍ ഹബീബിനും കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി സമ്മാനിച്ചു. സര്‍വകലാശാലാ വളപ്പില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്.
പണ്ഡിതരും വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഗവര്‍ണറും സര്‍വകലാശാലാ ചാന്‍സലറുമായ ആര്‍.എസ്. ഗവായ് ആണ് ഡി.ലിറ്റ് ദാനം നിര്‍വഹിച്ചത്. പ്രായാധിക്യത്തിന്റെ അവശതകാരണം ക്യാപ്റ്റന്‍ ലക്ഷ്മിയും പ്രൊഫ. ഇര്‍ഫാന്‍ ഹബീബും ചടങ്ങിന് എത്തിയിരുന്നില്ല. അവരുടെ പ്രതിനിധികളാണ് ബഹുമതിപത്രം ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ പ്രതീക്ഷിച്ചിരുന്ന വിദ്യാഭ്യാസമന്ത്രിയും പ്രോ-ചാന്‍സലറുമായ എം.എ. ബേബി എത്തിയിരുന്നില്ല. ചടങ്ങിനുമുമ്പ് സെനറ്റ് യോഗം ചേര്‍ന്ന് ഡി.ലിറ്റ് നല്‍കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കി.
ആരാധകരുടെ ആരവങ്ങളുടെ അകമ്പടിയോടെ ആദ്യം മമ്മൂട്ടിയാണ് സദസ്സിന്റെ മുന്‍നിരയിലേക്ക് നടന്നുവന്നത്. ബഹുമതി സ്വീകരിക്കാനുള്ള ആചാര വേഷമായ കറുത്ത ഗൗണും ചുവന്ന തലപ്പാവും അണിഞ്ഞാണ് അദ്ദേഹം എത്തിയത്. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, പത്‌നി ഡോ. കമല്‍തായ് ഗവായിക്കൊപ്പം വേദിയിലേക്ക് വന്നു. എം.എസ്.പി ബാന്‍ഡ് സംഘത്തിന്റെ മേളത്തിനൊടുവില്‍ ബഹുമതി ദാന ചടങ്ങ് തുടങ്ങി. വൈസ് ചാന്‍സലര്‍ അന്‍വര്‍ ജഹാന്‍ സുബേരി വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ ഡി.ലിറ്റ് സമ്മാനിതരെ അഭിനന്ദിച്ച് സംസാരിക്കുകയും അവര്‍ക്ക് ബഹുമതിപത്രം നല്‍കുകയും ചെയ്തു.
ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വേണ്ടി ബന്ധു ജി. ചന്ദ്രശേഖരനും പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനുവേണ്ടി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ട്രഷറര്‍ കൂടിയായ പ്രൊഫ. വി. കുഞ്ഞാലിയും ബഹുമതിപത്രം ഏറ്റുവാങ്ങി.
ബഹുമതി സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി എഴുതി തയ്യാറാക്കിയിരുന്ന പ്രസംഗം ഇംഗ്ലീഷില്‍ അവതരിപ്പിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും ഇര്‍ഫാന്‍ ഹബീബിന്റെയും സന്ദേശങ്ങള്‍ സദസ്സില്‍ വിതരണംചെയ്തു. തുടര്‍ന്ന് ചടങ്ങിന്റെ സമാപനം കുറിച്ച് ബാന്‍ഡ്‌സംഘത്തിന്റെ ദേശീയ ഗാനാലാപനം.
കനത്ത സുരക്ഷാവലയത്തില്‍, 40 മിനിറ്റ് മാത്രം നീണ്ട ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ എത്തിയിരുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, സംവിധായകന്‍ വി.എം. വിനു, എം.എല്‍.എമാരായ എം.വി. ശ്രേയാംസ്‌കുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂടിയായ കെ.ടി. ജലീല്‍, പി.കെ. അബ്ദുറബ്ബ്, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, പി.വി.ഗംഗാധരന്‍, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണന്‍, വിവിധ പഠനവകുപ്പ് തലവന്മാര്‍, സെനറ്റ്-സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കലയുടെ ലോകം എല്ലാ അതിര്‍ത്തികള്‍ക്കും അതീതം - മമ്മൂട്ടി

തേഞ്ഞിപ്പലം: 'നിങ്ങള്‍ എന്നിലൂടെ ആദരിച്ചത് മലയാള സിനിമയെയാണെന്ന് എനിക്ക് തോന്നുന്നു. ഈ അംഗീകാരത്തിന് നന്ദി. ഈ വേളയില്‍ എന്റെ പിതാവ് എന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോകുന്നു. ഈ ബഹുമതി സ്വീകരിക്കുന്നത് കാണുന്നവരില്‍ ഏറ്റവും ആഹ്ലാദിക്കുക അദ്ദേഹമായിരിക്കും' - പ്രൗഢമായ സദസ്സിനുമുന്നില്‍ ഡി.ലിറ്റ് ബഹുമതിക്ക് മമ്മൂട്ടി നന്ദിപറഞ്ഞ് തുടങ്ങിയത് വികാരഭരിതമായ വാക്കുകളിലായിരുന്നു.

'പിതാവ് ഞാനൊരു മെഡിക്കല്‍ ഡോക്ടര്‍ ആകണമെന്നാശിച്ചു. പക്ഷേ, എന്റെ പരിശീലനം വ്യത്യസ്തമായിപ്പോയി. ഞാന്‍ വക്കീലായി. അല്പകാലം നിയമം പ്രാക്ടീസ്‌ചെയ്തു. പക്ഷേ, വക്കീല്‍ക്കുപ്പായം എന്റെയുള്ളിലെ യഥാര്‍ഥ 'എന്നെ' തൃപ്തനാക്കിയില്ല. അഭിനയമാണ് എന്റെ ഉള്‍വിളിയെന്ന് ഞാന്‍ അതിനകം തിരിച്ചറിഞ്ഞിരുന്നു. എന്റെ ജീവിതസാഫല്യത്തിന് ഞാന്‍ മലയാളികളോട് കടപ്പെട്ടിരിക്കുന്നു' - മമ്മൂട്ടി തുടര്‍ന്നു.

'കലയുടെ ലോകം എല്ലാ ജാതിമതദേശ ഭാഷാദേഭങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും പരിമിതികള്‍ക്കും അതീതമാണ്. കലാകാരന്റെ വ്യക്തിപരമായ പരിപ്രേക്ഷ്യത്തെപ്പറ്റി നമ്മള്‍ ഒരിക്കലും ചിന്തിക്കുന്നില്ല. സിനിമയും നാടകവും കാണുമ്പോള്‍ ഗുലാം അലിയുടെയോ ആബിദ് പര്‍വീണിന്റെയോ ഭീംസെന്‍ ജോഷിയുടെയോ റഫിയുടെയോ യേശുദാസിന്റെയോ ലതാമങ്കേഷ്‌കറിന്റെയോ സംഗീതം ആസ്വദിക്കുമ്പോള്‍ അവരുടെ മതവും ദേശവും നമ്മള്‍ പരിഗണിക്കാറേയില്ല. എല്ലാം സംഗീതം മാത്രം. സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും വാഹകരാണ് കലാകാരന്മാര്‍. കല എല്ലാ അതിരുകളെയും അപ്രസക്തമാക്കുന്നു' - മമ്മൂട്ടി പറഞ്ഞു.
'സംസ്ഥാന, ദേശീയതലത്തില്‍ മഹാരഥന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞു. എന്റെ കാഴ്ചക്കാര്‍ക്കൊപ്പം സമന്വയിക്കാന്‍ എനിക്ക് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നിങ്ങള്‍ നല്‍കിയ സ്‌നേഹവിശ്വാസങ്ങളുടെ സ്മരണികയായി ഞാനീ ബഹുമതി സ്വീകരിക്കുന്നു'- മമ്മൂട്ടി തന്റെ പ്രസംഗം ഇങ്ങനെ അവസാനിപ്പിച്ചു.

ഔദ്യോഗിക താരമായി മമ്മൂട്ടി

തേഞ്ഞിപ്പലം: സുരക്ഷാ വേലിക്കപ്പുറത്തുനിന്ന ആരാധകരുടെ അഭിവാദ്യങ്ങള്‍ക്കോ 'മലയാളത്തില്‍ പ്രസംഗിക്കണേ' എന്ന ആര്‍പ്പുവിളികള്‍ക്കോ ചെവികൊടുക്കാതെ മമ്മൂട്ടി അവസാന നിമിഷം വരെനിന്നു. സ്വയം കാറോടിച്ച് അദ്ദേഹം എത്തിയതും കൗതുകമായി.
ആരാധകരെ നിരാശരാക്കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി.ലിറ്റ് ബിരുദദാനച്ചടങ്ങിനെത്തിയ അക്കാദമിക് വിദഗ്ധരെ അദ്ദേഹം തന്റെ ആരാധകരാക്കി മാറ്റി. ഡി.ലിറ്റ് ഏറ്റുവാങ്ങുന്ന സമയത്ത് മറുപടിപ്രസംഗം നടത്തുമ്പോഴും അമിതാഹ്ലാദം പ്രകടിപ്പിക്കാതെ മമ്മൂട്ടി വിനയാന്വിതനായി.
സദസ്സിലേക്ക് ഔദ്യോഗിക വേഷവിധാനത്തോടെ എത്തിയ മമ്മൂട്ടിക്ക് വന്‍ കരഘോഷമാണ് ലഭിച്ചത്. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു. മലപ്പുറം എം.എസ്.പി.ബാന്‍ഡ് മാസ്റ്റര്‍ എസ്.ഐ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേളം ചാന്‍സലറുടെയും വൈസ് ചാന്‍സലറുടെയും വരവിനൊപ്പമുണ്ടായി. സിന്‍ഡിക്കേറ്റ്-സെനറ്റംഗങ്ങള്‍ ചേര്‍ന്നാണ് ഗവര്‍ണറെയും ഭാര്യയെയും വേദിയിലേക്കാനയിച്ചത്.
മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനിടെ അദ്ദേഹം അഭിനയിച്ച ഡോ.ബാബാസാഹേബ് അംബേദ്കര്‍ എന്ന ചിത്രത്തെ ഗവര്‍ണര്‍ പ്രത്യേകം എടുത്തു പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍നിന്ന് അല്പം വ്യതിചലിച്ച് തന്റെ പഴയ നേതാവായ അംബേദ്കറെ അല്പം പുകഴ്ത്താനും ഗവര്‍ണര്‍ മടിച്ചില്ല.

കാലിക്കറ്റിന്റെ ഡി.ലിറ്റ് 15 പേര്‍ക്ക്


ക്യാപ്റ്റന്‍ ലക്ഷ്മി, ഡോ.ഇര്‍ഫാന്‍ ഹബീബ്, മമ്മൂട്ടി എന്നിവര്‍ക്ക് വ്യാഴാഴ്ച ഡി.ലിറ്റ് ബഹുമതി നല്‍കിയതോടെ കാലിക്കറ്റിന്റെ ഡി.ലിറ്റ് ലഭിച്ചവരുടെ എണ്ണം 15 ആയി.

പന്തലിലെത്താനാകാതെ ജനക്കൂട്ടം

1500പേര്‍ക്കിരിക്കാവുന്ന പന്തലിലേക്ക് കയറാനാകാതെ പുറത്ത് വന്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞു. സീറ്റ് നിറയുന്നതുവരെ ആളുകളെ കടത്തിവിട്ട പോലീസ് പിന്നെ സുരക്ഷാവേലി അടച്ചു. നാലായിരത്തോളം പാസ്സുകള്‍ നല്‍കിയതായി പോലീസുദ്യോഗസ്ഥര്‍ പരാതിപ്പെടുന്നുണ്ടായിരുന്നു. സര്‍വകലാശാലാ ജീവനക്കാരടക്കം പലരും പുറത്തായി. പുറത്ത് സ്ഥാപിച്ച സര്‍ക്യൂട്ട് ടി.വി പ്രവര്‍ത്തിക്കാത്തതും അവരെ നിരാശരാക്കി.
സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ എം.എം.ഗനി, 'മാതൃഭൂമി' മുന്‍ പത്രാധിപര്‍ കെ.പി.കേശവമേനോന്‍, എഴുത്തുകാരനായ എസ്.കെ.പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.വി.കൃഷ്ണവാര്യര്‍, എം.ടി.വാസുദേവന്‍ നായര്‍, കമലാ സുരയ്യ, എം.എഫ്.ഹുസൈന്‍, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, യു.ജി.സി മുന്‍ ചെയര്‍മാന്‍ അരുണ്‍ നിഗ്‌മേക്കര്‍, വിദ്യാഭ്യാസ വിചക്ഷണന്‍ അമൃത്‌സിങ്, ഡോ.പി.കെ.വാര്യര്‍ എന്നിവര്‍ക്കാണ് നേരത്തെ കാലിക്കറ്റ് ഡി.ലിറ്റ് ബഹുമതി നല്‍കിയത്.


സെര്‍ച്ച്ഫലങ്ങളില്‍ മായം ചേര്‍ക്കുന്നതായി ആരോപണം; ഗൂഗിളിനെതിരെ അന്വേഷണം




സെര്‍ച്ച് ബിസിനസിലെ രാജാവാണ് ഗൂഗിള്‍. തങ്ങളുടെ മേധാവിത്വം പക്ഷേ, ഗൂഗിള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ. തങ്ങളോട് മത്സരിക്കുന്ന ചില സൈറ്റുകളെ സെര്‍ച്ച് ഫലങ്ങളില്‍ നിന്നൊഴിവാക്കി ഗൂഗിള്‍ ശിക്ഷിക്കുന്നുണ്ടോ. ഇക്കാര്യം യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷിക്കുകയാണ്.
എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഗൂഗിള്‍, അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. വിലകള്‍ താരതമ്യം ചെയ്യുന്ന സൈറ്റായ 'ഫൗണ്ടെം' (Foundem), ലീഗല്‍ സെര്‍ച്ച് എഞ്ചിനായ 'ഇജസ്റ്റിസ് ഡോട്ട് എഫ്ആര്‍' (ejustice.fr) തുടങ്ങിയ കമ്പനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബിസിനസ് രംഗത്ത് തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ചരിത്രം യൂറോപ്യന്‍ കമ്മീഷനുണ്ട്. മൈക്രോസോഫ്ടും ഇന്റലും ഇത്തരം ആരോപണത്തിന്റെ പേരില്‍ വന്‍ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആ ഗതി ഗൂഗിളിനും വരുമോ എന്നാണ് നിയമവിദഗ്ധര്‍ സംശയിക്കുന്നത്.
ഉപചാപങ്ങള്‍ വഴി തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സൈറ്റുകളെ സെര്‍ച്ച് ഫലത്തില്‍ വരുന്നതില്‍ നിന്ന് ഗൂഗിള്‍ തടയുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അധികൃതര്‍ പ്രധാനമായും പരിശോധിക്കുക. പക്ഷേ, ഇക്കാര്യം പരിശോധിക്കുക അത്ര എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഗൂഗിളിന്റെ തുറുപ്പു ശീട്ടായ സെര്‍ച്ച് ആല്‍ഗരിതം (സെര്‍ച്ച് ഫലങ്ങള്‍ നിശ്ചയിക്കുന്ന ഗണിതസമീകരണം) പരിശോധിക്കേണ്ടി വരും ഇതിന്. എങ്കിലേ, സെര്‍ച്ച് ഫലങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടോ എന്നറിയാന്‍ കഴിയൂ.
രണ്ട് തരത്തിലുള്ള സെര്‍ച്ച് ഫലങ്ങളാണ് ഗൂഗിള്‍ നല്‍കാറ്. ഒന്ന് ഗൂഗിളിന്റെ ആല്‍ഗരിതം തിരഞ്ഞെടുക്കുന്ന ഫലങ്ങള്‍. അവ പേജിന്റെ മുഖ്യഭാഗത്ത് കാണപ്പെടും. രണ്ടാമത്തെ വിഭാഗം ഫലങ്ങള്‍ മുമ്പ് 'സ്‌പോണ്‍സേഡ് ലിങ്ക്‌സ്' എന്നറിയപ്പെട്ടിരുന്ന 'ആഡ്‌സ്' ('ads'') ആണ്. അത് കാശു മുടക്കി കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളാണ്.
ഇതില്‍ ആദ്യ വിഭാഗത്തില്‍ പെട്ട സെര്‍ച്ച് ഫലങ്ങളില്‍ വെള്ളംചേര്‍ക്കപ്പെടുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പരിശോധിക്കുക. പ്രത്യേകിച്ചും, സെര്‍ച്ച് സര്‍വീസ് നല്‍കുന്ന മറ്റ് സൈറ്റുകള്‍ ഒഴിവാക്കപ്പെടുന്നുണ്ടോ എന്ന്. സ്വാഭാവിക സെര്‍ച്ച് ഫലങ്ങളില്‍ നിന്ന് ഗൂഗിളിന്റെ ആല്‍ഗരിതം നിയമപരമായി പ്രവര്‍ത്തിക്കുന്ന ചില സൈറ്റുകളെ ഒഴിവാക്കുന്നുവെന്നാണ് ഫൗണ്ടെം ആരോപിക്കുന്നത്. 2010 ഫിബ്രവരിയിലാണ് തങ്ങള്‍ ഗൂഗിളിനെതിരെ പരാതി സമര്‍പ്പിച്ചതെന്ന് കമ്പനി അറിയിച്ചു.
എന്നാല്‍, ഫൗണ്ടെം പോലുള്ള സൈറ്റുകള്‍ ദുര്‍ബലമായി റാങ്ക് ചെയ്യപ്പെടുന്നതിന് തക്കതായ കാരണങ്ങളുണ്ടെന്ന് ഗൂഗിള്‍ വാദിക്കുന്നു. ഉദാഹരണത്തിന്, ഫൗണ്ടെം സൈറ്റിന്റെ ഉള്ളടക്കത്തിലെ 79 ശതമാനവും മറ്റ് സൈറ്റുകളില്‍ നിന്നുള്ള കോപ്പിയാണ്. മറ്റ് സൈറ്റുകളില്‍ നിന്ന് കോപ്പി ചെയ്യപ്പെടുന്ന ഡേറ്റ, ഗൂഗിളിന്റെ ആല്‍ഗരിതം അവഗണിക്കുകയാണ് പതിവ്-കമ്പനി ചൂണ്ടിക്കാട്ടുന്നു.


പ്രായമേറിയവര്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍



സാങ്കേതികത്തികവും രൂപഭംഗിയുമുള്ള പുത്തന്‍ ഫോണുകളിറക്കാന്‍ മത്സരിക്കുന്ന കമ്പനികള്‍ മിക്കപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. പ്രായമേറിയവര്‍ക്ക് ഇത്തരം മൊബൈലുകള്‍ ഉപയോഗിക്കുക അത്ര എളുപ്പമാവില്ല എന്ന വസ്തുത. ഇക്കാര്യം മുന്‍നിര്‍ത്തി ചെന്നൈയിലെ മ്യുനോത് കമ്പനി പുറത്തിറക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് 'മ്യുനോത് എസ്5 (Munoth S5). പ്രായം 60 ന് മേലെത്തിയവരെ ഉദ്ദേശിച്ചുള്ളതാണ് മ്യുനോത് എസ്5. രോഗങ്ങള്‍ പിടികൂടുകയും ശാരീരികക്ഷമത കുറയുകയും ചെയ്യുന്ന സമയത്ത് ഒരാളുടെ ആവശ്യങ്ങള്‍ എന്തായിരിക്കുമെന്ന് മുന്നില്‍കണ്ടാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
അടിയന്തരഘട്ടങ്ങളില്‍ അടുത്ത ബന്ധുക്കളെയും ആസ്​പത്രി അധികൃതരെയും വിവരമറിയിക്കാന്‍ സഹായിക്കുന്ന എമര്‍ജന്‍സി ബട്ടനാണ് (SOS button) ആണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ആ ബട്ടനില്‍ അമര്‍ത്തിയാല്‍ ഫോണില്‍ മുന്‍കൂര്‍ സൂക്ഷിച്ചിട്ടുള്ള 10 നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ പോകും. ഈ വ്യക്തിക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഈ സംവിധാനം സഹായിക്കും.
മാത്രമല്ല, ഫോണ്‍ ഉപയോഗിക്കുന്നയാളുടെ വ്യക്തിപരമായ മെഡിക്കല്‍ റിക്കോര്‍ഡുകളുടെ സഹായത്തോടെ ഡോക്ടറെ അയാളുടെ സ്ഥിതിയെക്കുറിച്ച് ജാഗ്രതപ്പെടുത്താനും, രോഗിയാണെങ്കില്‍ മരുന്നു കഴിക്കേണ്ട സമയമായെന്ന് ഓര്‍മിപ്പിക്കാനുമൊക്കെ ഫോണ്‍ സഹായിക്കും.
ഹൃദയാഘാതം വന്ന തന്റെയൊരു മുതിര്‍ന്ന കുടുംബാംഗത്തിന്റെ അനുഭവമാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരണയായതെന്ന്, മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജസ്വന്ത് മ്യുനോത് 'ടെക്‌നോളജി റിവ്യു'വിനോട് പറഞ്ഞു. ആ കുടുംബാംഗത്തിന് അടിയന്തര സഹായം ലഭിക്കാതെ വന്നതാണ് ജ്വസ്വന്തിന്റെ കണ്ണുതുറപ്പിച്ചത്. ആ ഹതഭാഗ്യന്‍ മൊബൈല്‍ ഫോണില്‍ ചില നമ്പറുകളില്‍ വിളിക്കാന്‍ നോക്കിയെങ്കിലും ഡയലിങ് പൂര്‍ത്തിയാക്കാനോ, ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ കഴിഞ്ഞില്ല.
എമര്‍ജന്‍സി ബട്ടണ്‍ മാത്രമല്ല മ്യുനോത് ഫോണിന്റെ പ്രത്യേകത. ഡയലിങ് എളുപ്പമാക്കാനുള്ള വലിയ കീപാഡാണ് ഫോണിലേത്. പ്രായമായവര്‍ക്ക് നമ്പറുകള്‍ എളുപ്പത്തില്‍ ഡയല്‍ ചെയ്യാനും വായിക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഫോണ്‍ എവിടെങ്കിലും മറന്നുവെച്ചാല്‍, ഉടമസ്ഥനെ അക്കാര്യം ഓര്‍മിപ്പിക്കാനും സംവിധാനമുണ്ട്. ഉടമസ്ഥന്‍ ഫോണില്‍ നിന്ന് പത്തോ പതിനഞ്ചോ അടി അകലെയെത്തിയാല്‍, ഫോണിലെ സെന്‍സര്‍ അത് മനസിലാക്കി ബീപ് ശബ്ദം പുറപ്പെടുവിക്കും.
അബദ്ധത്തില്‍ കൈയില്‍ നിന്ന് ഫോണ്‍ താഴെ വീണാലും കുഴപ്പമില്ല. ഒട്ടേറെ തവണ തറയില്‍ വീണാലും പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് മ്യുനോത് എസ്5 നിര്‍മിച്ചിരിക്കുന്നത്. ഇരുട്ടില്‍ സഹായിക്കാന്‍ ടോര്‍ച്ചുമുണ്ട് ഫോണില്‍.
ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍, ഉടമസ്ഥന്റെ മെഡിക്കല്‍ റിക്കോര്‍ഡുകള്‍ മ്യുനോത് കമ്മ്യൂണിക്കേഷന്‍ രൂപംനല്‍കിയ വെബ്‌സൈറ്റില്‍ വളരെ എളുപ്പത്തില്‍ ലോഡ് ചെയ്യാം. വ്യക്തിപരമായുള്ള ശാരീരിക അവശതകളും രോഗങ്ങളുടെയും ചരിത്രവും ഫോട്ടോയും ഏതാനും അടുത്ത ബന്ധുക്കളുടെ വിവരവുമാണ് ലോഡ് ചെയ്യേണ്ടത്.
മെഡിക്കല്‍ വിവരങ്ങള്‍ ലോഡ് ചെയ്തു കഴിഞ്ഞാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന യൂസര്‍നേം/പാസ്‌വേഡ് സംവിധാനമുപയോഗിച്ച് ആ വിവരങ്ങള്‍ നോക്കാം. ഫോണിലെ അടിയന്തര ബട്ടനില്‍ ഫോണുടമ അമര്‍ത്തിക്കഴിഞ്ഞാല്‍, ഫോണിന്റെ സ്‌ക്രീനില്‍ യൂസര്‍നേമും പാസ്‌വേഡും പ്രത്യക്ഷപ്പെടും. സഹായിക്കാനെത്തുന്നവര്‍ക്ക് അതിന്റെ സഹായത്തോടെ ഫോണുടമയുടെ മെഡിക്കല്‍ അവസ്ഥ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാകാം.
മ്യുനോത് കമ്മ്യൂണിക്കേഷന്‍സിന്റെ സെര്‍വറില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, മരുന്നു കഴിക്കേണ്ട സമയവും മറ്റും ഫോണുടമയെ ഓര്‍മിപ്പിക്കുന്നത്. എമര്‍ജന്‍സി സര്‍വീസിന് ആദ്യവര്‍ഷം മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് കാശ് ഈടാക്കില്ല. രണ്ടാംവര്‍ഷം മുതല്‍ അടിയന്തര സര്‍വീസുകള്‍ക്കെല്ലാം കൂടി മാസം 30 രൂപ വെച്ച് ഉപഭോക്താവ് നല്‍കണം. 2500 രൂപയാണ് ഫോണിന്റെ വില.


തബലയെത്തി, ഒപ്പം മേസ്‌ട്രോയും


സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക്‌സ് കമ്പനി കോബിയന്റെ മൊബൈല്‍ ഫോണ്‍ വിഭാഗമാണ് മെര്‍ക്കുറി. പുതിയ രണ്ട് ഹാന്‍ഡ്‌സെറ്റ് മോഡലുകളുമായി ഇന്ത്യന്‍ വിപണിയിലും പ്രവേശിച്ചിരിക്കുകയാണ് മെര്‍ക്കുറി. അനുദിനം പുതിയ ഫോണുകളിറങ്ങുന്ന ലോ-എന്‍ഡ് സെഗ്‌മെന്റ് ലക്ഷ്യമാക്കിയാണ് മെര്‍ക്കുറിയുടെ നീക്കം. സാധാരണക്കാര്‍ക്കിണങ്ങുന്ന വിലയും സൗകര്യങ്ങളുമടങ്ങുന്ന ഈ മോഡലുകളുടെ പേര് തബല (Tabla), മേസ്‌ട്രോ (Maestro).
പേരു സൂചിപ്പിക്കുന്നതുപോലെ തബലയില്‍ സംഗീതത്തിനാണ് പ്രാധാന്യം. പെര്‍ഫോര്‍മന്‍സില്‍ നോക്കിയയുടെ എക്‌സ്​പ്രസ് മ്യൂസിക് ഫോണുകളോടു കിടപിടിക്കും തബലയെന്നാണ് കമ്പനിയുടെ അവകാശവാദം. തബലയില്‍ ത്രീഡി സറൗണ്ട് ശബ്ദസുഖം കമ്പനി ഉറപ്പുതരുന്നു. എം.പി. ത്രി പ്ലെയറിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനായി ഡെഡിക്കേറ്റഡ് മ്യൂസിക് ബട്ടനുമുണ്ട്.
സംഗീതത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു സൗകര്യങ്ങളിലും തബല ഉസ്താദ് തന്നെ. 2.4 ഇഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ, മോഷന്‍ സെന്‍സര്‍, 1.3 മെഗാപിക്‌സല്‍ ക്യാമറ, എഫ്.എം., ബ്ലൂടൂത്ത്, ജി.പി.ആര്‍.എസ്. വാപ്, എക്‌സ്​പാന്‍ഡബ്ള്‍ മെമ്മറി തുടങ്ങിയ സങ്കേതങ്ങളൊക്കെ ഈ ഫോണിലുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആരാധകര്‍ക്കായി ഈസി ആക്‌സസ്, ചാറ്റ് സൗകര്യം, വെബ് ബ്രൗസര്‍ എന്നിവയും തബലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാനൂറു മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയാണ് തബലയ്ക്ക് മെര്‍ക്കുറി അവകാശപ്പെടുന്ന ബാറ്ററി ആയുസ്. വില 2800 രൂപ. സില്‍വര്‍ നിറമാണ് തബലയ്ക്ക്.
തബലയേക്കാള്‍ നൂറു രുപ വിലക്കൂടുതലുണ്ട് മേസ്‌ട്രോയ്ക്ക്-2900 രൂപ. മികച്ച ശബ്ദത്തിനായി യമഹാ ആംപ്ലിഫയറുമായി അവതരിക്കുന്ന മേസ്‌ട്രോ ഡ്യൂവല്‍സിം മോഡലാണ്. 2.2 ഇഞ്ച് ഹൈപവര്‍ എല്‍.ഇ.ഡി. സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1.3 മെഗാപിക്‌സല്‍ ക്യാമറ, സ്റ്റീരിയോ എഫ്.എം., ബ്ലൂടൂത്ത്, എം.പി. ത്രി പ്ലെയര്‍, ഇബുക്ക് റീഡര്‍ എന്നിവയും മേസ്‌ട്രോയ്ക്ക് സ്വന്തം. കറുപ്പു നിറത്തിലാണ് ഈ ഫോണിന്റെ വരവ്.
'മൊബൈല്‍ ഫോണുകളിലെ ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള ശ്രമത്തിലാണ് മെര്‍ക്കുറി. ഞങ്ങളുടെ ഓരോ പുതിയ മോഡലുകള്‍ ഇറങ്ങുമ്പോഴും അക്കാര്യം ഉറപ്പാക്കുന്നുണ്ട്' - കോബിയന്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്‍ട്രി മാനേജര്‍ സുസ്മി ദാസ് പറയുന്നു.
മൂവായിരത്തില്‍ താഴെ വിലയുള്ള ഫോണുകള്‍ക്കാണ് ആവശ്യക്കാരേറെ എന്നതിനാല്‍ ഈ രണ്ടു മോഡലുകള്‍ക്കും വിപണിയില്‍ സ്വീകാര്യത ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. എന്നാല്‍ തിരഞ്ഞെടുക്കാന്‍ ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ തന്നെ നൂറിലേറെ മോഡലുകലുണ്ട്. നോക്കിയ പോലൂം 2700 രുപയ്ക്ക് ഡ്യുവല്‍സിം മോഡല്‍ ഇറക്കാന്‍ നിര്‍ബന്്ധിതരായതും മൂവായിരത്തില്‍ കുറവ് എന്ന ആകര്‍ഷണീയത സ്വന്തമാക്കാനാണ്. അതുകൊണ്ടു തന്നെ കടുത്ത മത്സരത്തില്‍ വിജയിച്ചാലേ തബലയ്ക്കും മേസ്‌ട്രോയ്ക്കും പിടിച്ചുനില്‍ക്കാനാകൂ.


മണ്ണില്‍ തുടങ്ങി മണ്ണില്‍ ഒടുങ്ങുന്ന മോട്ടോര്‍ കാര്‍


പൂര്‍ണമായും ജൈവ സംയുക്തങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന കാര്‍. സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന ഇക്കാര്യം വിഭാവനം ചെയ്യുന്നത് ഹോളിവുഡിലെ കക്ഷികളല്ല. ലോകോത്തര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ഡിസൈന്‍ എന്‍ജിനിയര്‍മാരാണ്.
മനുഷ്യത്വമില്ലാത്ത റോബോട്ടുകള്‍ തന്നെ മിക്ക പണിയും ചെയ്യുന്ന അസംബ്ലിലൈനുകള്‍ നിറഞ്ഞ ഫാക്ടറികളിലല്ല ഈ കാര്‍ പിറക്കുക. അതിന്റെ ആയുഷ്‌കാലം കഴിഞ്ഞാല്‍ അവസാനിക്കുക ലോഹവും പ്ലാസ്റ്റിക്കും ഗ്ലാസ്സുമായി വേര്‍തിരിഞ്ഞ് റീസൈക്ലിങ് പ്ലാന്റുകളിലുമല്ല.
വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം അങ്ങനെയാണ്. ഈ കാര്‍ ഉണ്ടാവുക ഒരു ജൈവ വസ്തുവോ ചെടിയോ വളരുന്നതുപോലെ കമ്പനിയുടെ നഴ്‌സറിയിലാണ്. നിരത്തിലിറങ്ങിയാലോ ഇന്നത്തെ വാഹനങ്ങളെപ്പോലെ കാര്‍ബണ്‍ മോണോക്‌സൈഡും ഡയോക്‌സൈഡും വിസര്‍ജിച്ച് അന്തരീക്ഷ മലിനീകരണവും ആഗോള താപനവും ഉണ്ടാക്കില്ല, പുകക്കുഴലിലൂടെ പുറത്തുവരിക പ്രാണവായുവാണ്, അതായത് ഓക്‌സിജന്‍. കാലാവധി കഴിഞ്ഞാലോ കാറിനെ കംപോസ്റ്റ് ആക്കി പറമ്പിലെ ചെടികള്‍ക്കിട്ടു കൊടുക്കാം.
സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന ഇക്കാര്യം വിഭാവനം ചെയ്യുന്നത് ഹോളിവുഡിലെ കക്ഷികളല്ല, ലോകത്തില്‍ ആദ്യത്തെ മോട്ടോര്‍ കാറുകള്‍ വിപണിയിലെത്തിച്ച, ഇന്ന് ലോകോത്തര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ഡിസൈന്‍ എന്‍ജിനിയര്‍മാരാണെന്നത് കാര്യം കളിയല്ലെന്ന് വ്യക്തമാക്കുന്നു. ഇപ്പോള്‍ നടന്ന അന്താരാഷ്ട്ര പ്രസിദ്ധമായ ലോസ് ആഞ്ജലിസ് ഓട്ടോ ഷോ 2010-ല്‍ കാര്‍ ഡിസൈന്‍ വെല്ലുവിളി എന്ന മത്സരത്തിന് മെര്‍ക്കിന്റെ ഡിസൈന്‍ എന്‍ജിനിയര്‍മാര്‍ തയ്യാറാക്കിയ മോഡലിന്റെ പേര് തന്നെ ബയോം എന്നാണ്.


ഈ കാറില്‍ ഒരിടത്തും ലോഹങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നില്ല, പൂര്‍ണമായും ജൈവ സംയുക്തങ്ങള്‍ (ഓര്‍ഗാനിക് കോംപൗണ്ട്‌സ്) മാത്രം. സ്റ്റീലിന്റെ കട്ടിയും മരത്തിന്റെ ഭാരക്കുറവും. കാറിന് മൊത്തം തൂക്കം കഷ്ടിച്ച് 400 കിലോ മാത്രം. പൂര്‍ണമായും ഓര്‍ഗാനിക് ആയതിനാല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ലായനിയില്‍ കാറിനെ ഡി.എന്‍.എ. അടങ്ങിയ വിത്തില്‍ നിന്ന് മുളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ വിത്ത് ഒരു കാറായി വളര്‍ന്നുവരും. പ്രായപൂര്‍ത്തിയായാല്‍ 'മെഴ്‌സിക്കുട്ടി'യെ കുളിപ്പിച്ച് റോഡിലിറക്കാം.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിയാലുണ്ടാകുന്ന വിഷവാതകങ്ങള്‍ നേരിടാന്‍ എല്ലാ ഓട്ടോ നിര്‍മാതാക്കളും ഭക്ഷ്യധാന്യങ്ങള്‍ പുളിപ്പിച്ച് ആല്‍ക്കഹോളുണ്ടാക്കുന്നതിനെപ്പറ്റിയും ബാറ്ററിയില്‍ ഓടുന്ന കാറുണ്ടാക്കുന്നതിനെപ്പറ്റിയുമൊക്കെയാണ് ചിന്തിക്കുന്നത്. എന്നാല്‍ മെര്‍ക്ക വിഭാവനം ചെയ്യുന്ന ഭാവി കാറിന് പെട്രോളും വേണ്ട ബാറ്ററിയും വേണ്ട. അത് പച്ചിലകള്‍ സൗരോര്‍ജം ഉപയോഗിക്കുന്ന അതേരീതിയില്‍ വെയിലില്‍ നിന്ന് ഇന്ധനമുണ്ടാക്കും. ബയോ നെക്ടര്‍ എന്നാണതിന്റെ പേര്. അധികമായി ഉത്പാദിപ്പിക്കുന്ന ഇന്ധനം വൃക്ഷങ്ങളിലേക്ക് പകരാനുള്ള സംവിധാനവും അവര്‍ വിഭാവനം ചെയ്യുന്നുണ്ട്. അങ്ങനെ ബയോനെക്ടര്‍ വനവത്കരണത്തിനും വഴിയൊരുക്കുകയും ചെയ്യും.


പക്ഷേ, ഇതെല്ലാം 'എത്ര നല്ല നടക്കാത്ത സ്വപ്നം' എന്ന് എഴുതിത്തള്ളുകയും ആവാം. കാരണം ബയോം ഒരു കണ്‍സെപ്റ്റ് മാത്രമാണ്. അതായത് യാഥാര്‍ഥ്യമായിമാറിയ കാര്യമല്ല. വിഭാവനം ചെയ്ത ആശയം മാത്രമാണെന്നര്‍ഥം. ഏതെങ്കിലും ഓര്‍ഗാനിക് ലായനിയില്‍ മെഴ്‌സിഡസ് പറയുന്നത് പോലെ പ്രോഗ്രാം ചെയ്ത് വിത്തുകളിട്ടാല്‍ അത് 48 മണിക്കൂറിനുള്ളില്‍ കാറായിവളരുന്ന ബയോടെക്‌നോളജി ആരും കണ്ടുപിടിച്ചിട്ടില്ല. ആ വിത്തിലെ ഡി.എന്‍.എ.യ്ക്ക് വളര്‍ന്ന് രൂപം പ്രാപിക്കാവുന്ന സ്റ്റീലിന്റെ ഉറപ്പും കടലാസിന്റെ ഭാരവുമുള്ള ജൈവപദാര്‍ഥവും കണ്ടെത്തിയിട്ടില്ല. ഇതൊക്കെ കണ്ടുപിടിക്കേണ്ട കാര്യങ്ങളാണ്.
പക്ഷേ, വാഹനങ്ങള്‍ സര്‍വവ്യാപിയായിക്കൊണ്ടിരിക്കുന്ന കാലത്ത് വാഹനനിര്‍മാണത്തിന്റെ പതിവ് രീതികളില്‍ നിന്ന് മാറ്റിച്ചിന്തിക്കാം എന്നതിന്റെ ഉറച്ച ഉദാഹരണമാണ് ഈ കണ്‍സെപ്റ്റ്.


എമിറേറ്റ്‌സിന്റെ ദേശീയദിനം ആഘോഷിച്ചു


ദുബായ്: ഐക്യ അറബ് എമിറേറ്റ്‌സിന്റെ 39-ാം ദേശീയ ദിനം ദുബായ് സെന്‍ട്രല്‍ എസ്.വൈ.എസ്സിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. ദുബായ് മര്‍ക്കസില്‍ കാലത്ത് നടന്ന ദേശീയോദ്ഗ്രഥന സംഗമം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയീദ് അലവി പൂക്കോയ തങ്ങള്‍ കൊളത്തറ പ്രര്‍ത്ഥന നടത്തി.
സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫ്ലഗ് ഡിസ്‌പ്ലേ, ദേശീയ ഗാനാലാപനം എന്നിവ ഉണ്ടായിരുന്നു. ദുബായ് മര്‍ക്കസ് പ്രസിഡന്റ് എ.കെ.കട്ടിപ്പാറ, സെന്‍ട്രല്‍ എസ്.വൈ.എസ് പ്രസിഡന്റ് സയീദ് ഷംസുദ്ദീന്‍ ബാ അലവി, ചിയ്യൂര്‍ അബ്ദുറഹ്മാന്‍ ദാരിമി, മമ്പാട് അബ്ദുള്‍ അസീസ് സഖാഫി, എരഞ്ഞിമാവ് അബ്ദുസലാം സഖാഫി, വെള്ളലശ്ശേരി അബ്ദുസലാം സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയോദ്ഗ്രഥന സംഗമത്തില്‍ ഒരുക്കിയ പൈതൃക പ്രദര്‍ശനം ശ്രദ്ധേയമായി. നജ്മുദ്ദീന്‍ പുതിയങ്ങാടി പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.


 

RAMANTHALI VADAKKUMBAD Copyright © 2010